വിശ്വാസവും പ്രതിഷ്ഠകളും
കിഴക്കോട്ടു ദർശനമായ ക്ഷേത്രത്തിന്റെ തെക്കു വശത്തെ ശ്രീകോവിൽ ഗന്ധർവ്വ സ്വാമിയുടെയും വടക്കു വശത്തെ ശ്രീകോവിൽ ഭദ്രകാളിയമ്മയുടെയും ആണ്. ഗന്ധർവ്വ സ്വാമിയുടെ ശ്രീകോവിലിന്റെ ഇടതുവശത്തായി മറ്റൊരു ശ്രീകോവിലിൽ സുന്ദര യക്ഷിയമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഉപദേവന്മാരായി ശിവൻ, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകൾ ഉണ്ട്. നാലമ്പലത്തിന് വെളിയിലായി തെക്കുവശത്ത് അയലയക്ഷിയും നാഗരാജ നാഗയക്ഷി പ്രതിഷ്ഠകളും ഉണ്ട്. തെക്കുപടിഞ്ഞാറെ മൂലയിൽ രക്ഷസിനെയും, വടക്കുപടിഞ്ഞാറ് വശത്തായി അന്നപൂർണേശ്വരിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ക്ഷേത്ര മതിലിന് വെളിയിൽ വടക്ക് പുറത്തായി ബാലയക്ഷി, കാലയക്ഷി, കൊടുംകാളി എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതോടൊപ്പം ഓണിയപ്പുലത്തില്ലത്തെ നാട്ടു ന്യായാധിപൻ ആയിരുന്ന കാരണവരെ മൂത്താരായും പ്രതിഷ്ഠിച്ചിരിക്കുന്നു. കോടതി വ്യവഹാരങ്ങളിൽപെട്ട് ഉഴലുന്നവർ മൂത്താരുടെ മുമ്പിൽ വന്ന് നീതിക്കായി അപേക്ഷിക്കുകയും വെള്ളം കുടി വഴിപാടായി നടത്തുകയും ചെയ്യുന്നു. അഭീഷ്ടകാര്യസിദ്ധിക്കും ഈ വഴിപാട് ഉത്തമമാണ്.
കിഴക്കു വശത്തെ മതിലിനു വെളിയിൽ തെക്കേമൂലയിൽ നാഗചാമുണ്ഡിയും ചെമ്പൻകുളം കുടുംബത്തിന്റെ ഉപാസനാമൂർത്തിയായിരുന്ന ധർമ്മദൈവത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഐശ്വര്യഗന്ധർവ്വൻ
പച്ചക്കുതിര വാഹനനായ ഐശ്വര്യഗന്ധർവ്വൻ സമ്പത്ത്, ഐശ്വര്യം, കലകൾ, ദാമ്പത്യം, വൈദ്യം എന്നിവയുടെ അധിപനാണ്. സുന്ദരിയായ കാന്തയോടൊപ്പം പരിലസിക്കുന്ന ഐശ്വര്യാഗന്ധർവ്വ സ്വാമി ഉത്തമ ദാമ്പത്യത്തിന്റെയും മൂർത്തിയാണ്.
ഗന്ധർവ്വ നടയിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ച് യഥാവിധി ഗന്ധർവ്വ പൂജ നടത്തിയാൽ കടത്തിൽ നിന്നും മുക്തി, കുടുംബ കലഹത്തിൽ നിന്നും മുക്തി, സമ്പത്സമൃദ്ധി, തൊഴിൽ വ്യാപാര പുരോഗതി, വിവാഹയോഗം, സൽസന്താനസൗഭാഗ്യം എന്നീ അനുഗ്രഹങ്ങൾ ലഭിക്കും.
ഗന്ധർവ്വ ബാധാദോഷം മാറുന്നതിന് ഗന്ധർവ്വ പൂജ നടത്തുന്നത് ഉത്തമമാണ്.
ശ്രീഭദ്രകാളി
നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഉരുളികുന്നത്തെ ശ്രീഭദ്രകാളി ചെറുവള്ളി ഭഗവതിയുടെ ചൈതന്യമാണ്. അതിനാലാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചെറുവള്ളിക്കാവുകളിലെ ഭക്തർ വർഷത്തിലൊരിക്കലെങ്കിലും ഉരുളികുന്നം ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
മാറാരോഗം, ശത്രുദോഷം, ഗുളികൻ, പ്രേതബാധ എന്നിവ ഒഴിയുന്നതിനായി ഇവിടെ സവിശേഷമായ ഭദ്രകാളീപൂജ നടത്തുന്നു.
മീനപ്പൂരത്തിന് സ്ത്രീകൾ വ്രതശുദ്ധിയോടെ ഭദ്രകാളി നടയിൽ പൊങ്കാല അർപ്പിക്കുന്നത് ഉദ്ദിഷ്ടകാര്യസാധ്യത്തിനും കുടുംബഭദ്രതയ്ക്കും അത്യുത്തമമെന്നാണ് ആചാര്യമതം. എന്ന് മാത്രമല്ല ഒരു തവണ പൊങ്കാല അർപ്പിച്ചാൽ അടുത്ത പൊങ്കാല വരെ കുടുംബത്തിന്റെ ഐശ്വര്യലബ്ധിക്കായി അമ്മയുടെ കടാക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.