ക്ഷേത്രചരിത്രം
ആയിരത്തി അഞ്ഞൂറില്പരം വർഷങ്ങൾ പഴക്കമുള്ള ഉരുളികുന്നം ക്ഷേത്രത്തിന് കേരളത്തിലെ പുരാതനമായ ചെമ്പകശ്ശേരി രാജപരമ്പരയുമായി ബന്ധപ്പെട്ട പ്രൗഢിയാർന്ന ചരിത്രമാണുള്ളത്.
ചെമ്പകശ്ശേരി രാജാവാണ് കിടങ്ങൂർ ആസ്ഥാനമായുള്ള ബ്രാഹ്മണ കുടുംബമായ ഓണിയപ്പുലത്തില്ലത്തിന്റെയും നായർ കുടുംബമായ പള്ളത്ത് കുടുംബത്തിന്റെയും ഓരോ ശാഖകളെ ഉരുളികുന്നത്ത് എത്തിച്ചത്.
ഈശ്വരന്റെ പ്രതിപുരുഷൻ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണ് നാടിൻറെ ഐശ്വര്യത്തിനായി പള്ളത്ത് കുടുംബ വകയായ ഊരകത്ത് മഠത്തിൽ ഐശ്വര്യ ഗന്ധർവ്വന്റെയും സുന്ദര യക്ഷിയുടെയും പ്രതിഷ്‌ഠ ആദ്യമായി നടത്തുന്നത്. ഈ ക്ഷേത്രമാണ് മൂലസ്ഥാന ക്ഷേത്രമായി നിലകൊള്ളുന്നത്.
ഈ മൂലസ്ഥാന ക്ഷേത്രത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഓണിയപ്പുലത്തില്ലത്ത് ഭദ്രകാളിയെ ഉപാസിച്ചിരുന്നു. ഇവിടെയെത്തിയ ബ്രാഹ്മണ ശ്രേഷ്ഠൻ ഭദ്രകാളിയോടൊപ്പം ഐശ്വര്യ ഗന്ധർവ്വന്റെയും സുന്ദര യക്ഷിയുടെയും പ്രതിഷ്ഠ നടത്തി. ഊണിയപ്പുലത്തില്ലത്തിന്റെ സമീപമുള്ള ഈ ക്ഷേത്രമാണ് ഇന്ന് ഉരുളികുന്നം ക്ഷേത്രമായി അറിയപ്പെടുന്നത്.
മഹാക്ഷേത്രമായിരുന്ന ഇവിടെ കൊടിയേറി പത്തു ദിവസത്തെ ഉത്സവത്തിന് രാജാക്കന്മാർ ഉൾപ്പെടെ പങ്കെടുത്തിരുന്നു. അതിപ്രഗത്ഭരായ കലാകാരൻമാർ ഇവിടെ സംഗീതവും നൃത്തവും വാദ്യകലകളും അഭ്യസിച്ചിരുന്നു.
ചെമ്പകശ്ശേരി രാജാവ് ഓണിയപ്പുലത്തെ ബ്രാഹ്മണർക്ക് 'ദേവൻ ' എന്ന സ്‌ഥാനപ്പേർ നൽകി ആദരിച്ചിരുന്നതായി ചരിത്രം പറയുന്നു. വിദേശവാഴ്ചക്കാലത്തെ പടയോട്ടം മൂലവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയുടെ ഫലമായും ക്ഷേത്രം നാശോന്മുഖമായ സന്ദർഭത്തിലും ഓണിയപ്പുലത്തെ ബ്രാഹ്മണർ ഉപാസനാമൂർത്തികളെ യഥാവിധി പൂജിച്ച് ചൈതന്യം നിലനിർത്താൻ ശ്രദ്ധിച്ചിരുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം ജന്മിത്തത്തിനും നാടുവാഴിത്തത്തിനും പ്രൗഢി നഷ്ടപ്പെട്ടതോടെ ഓണിയപ്പുലത്തില്ലത്തിന്റെ പ്രതാപത്തിനും മങ്ങലേറ്റു. എങ്കിലും ഇത് ക്ഷേത്രചൈതന്യത്തെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന ഇല്ലത്തെ ബ്രാഹ്മണർ ക്ഷേത്രവും സ്‌ഥാവരജംഗമവസ്തുക്കളും അയ്യപ്പസേവാസംഘത്തിന് കൈമാറി. അയ്യപ്പസേവാസംഘം ഇത് 619-ആം നമ്പർ എൻ.എസ്.എസ് കരയോഗത്തിനു കൈമാറി. പള്ളത്ത് കുടുംബവക ഊരകത്ത് ക്ഷേത്രവും വസ്തുവകകളും കരയോഗത്തിന് ദാനം ചെയ്തു.
ക്ഷേത്രത്തിന്റെയും ദേശാധിപത്യമുള്ള ദേവതാചൈതന്യത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട നാനാജാതി മതസ്‌ഥരിൽ പെട്ട ഭക്തരുടെ സഹകരണത്താൽ ക്ഷേത്രം പിന്നീട് പുരോഗതി കൈവരിച്ചു.
ഭക്തരുടെ സഹകരണത്തോടെ ക്ഷേത്രചൈതന്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യഥാവിധി നടത്തിപ്പോരുന്നു. ദേവപ്രശ്ന വിധിപ്രകാരം 2002 മെയ് 26 ന് പുനഃപ്രതിഷ്ഠയും നവീകരണകലശവും നടത്തി. കൂടാതെ ഒന്നര നൂറ്റാണ്ടു മുമ്പ് മുടങ്ങിപ്പോയ ഉത്സവം 2003 മുതൽ പുനരാരംഭിച്ചു. എല്ലാ കൊല്ലവും മകരമാസത്തിലെ തിരുവോണം നാളിലാണ് ആറാട്ട്. ഉത്സവത്തിന് ഐശ്വര്യഗന്ധർവനും ഭദ്രകാളിക്കും തുല്യപ്രാധാന്യമാണുള്ളത്.